Monday, March 16, 2009

ഒന്നും മിണ്ടാതെ കടല്‍...

ബൂലഹന്‍ : ഒളവിലത്തെ അറിയപ്പെടാത്ത ഒരു കഥാകൃത്താണ്.




കടലേ, ഞാനിന്നു വന്നിരിക്കുന്നത് ഒരു സന്തോഷ വര്‍ത്തമാനവും കൊണ്ടാണ്. ഞാന്‍ പെണ്ണ് കെട്ടാന്‍ പോകുന്നു. നിന്നോടെനിക്ക് നന്ദിയുണ്ട്. ഓഫീസിലെ മടുപ്പിനും മരവിപ്പിനും ശേഷം ഞാന്‍ വരുമ്പോള്‍ നീ ഒരു സാന്ത്വനമായി നിന്ന് തരാരുണ്ടല്ലോ. എന്റെ കിനാക്കളും, പായ്യാരങ്ങളും, കുശുമ്പും കുന്നായ്മകളും എല്ലാം നിനക്കറിയാമല്ലോ. ഒരു പക്ഷെ എന്നെ എന്നെക്കാള്‍ നന്നായി അറിയുന്നത് നിനക്കയിരിക്കും. ഹ! ആലോചിച്ചു നോക്കിയെ, എന്‍റെ ജീവ ചരിത്രമെഴുതാന്‍ ഏറ്റവും യോഗ്യന്‍ നീ തന്നെ!

ആഹ്, നിനക്ക് വിഷമമാവുമോ എന്നറിയില്ല. എങ്കിലും പറയാം. ഞാന്‍ നാട്ടില്‍ പോവുകയാണ്. നീണ്ട നാല് വര്‍ഷത്തെ ഈ ജീവിതത്തിനു ഒരു ചെറിയ ഇടവേള. കല്യാണം അടുത്ത മാസമായിരിക്കും. മുതലാളി നാല് മാസത്തെ ലീവെങ്കിലും തരുമായിരിക്കും. കുറച്ചു പൈസയും കടം ചോദിക്കണം. എന്റെ കയ്യില്‍ എന്താ ഉള്ളതെന്ന് നിനക്കറിയാല്ലോ. എങ്ങിനെ ചുരുക്കിയാലും ഒരു കല്യാണമാവുമ്പോള്‍ ‍ കുറച്ചു കാണാചെലവുകളുണ്ടാവും.

അല്ലെങ്കിലും നീ എന്തിനു വിഷമിക്കണം. നാട്ടിലായാലും ഞാന്‍ കടല്‍ കാണാനാതിരിക്കുന്നൊന്നുമില്ലല്ലോ. നിന്നോടുള്ള എന്‍റെ സൗഹൃദം തുടങ്ങിയത് തന്നെ നാട്ടില്‍ വെച്ചല്ലേ? ആര്‍ത്തലച്ചുള്ള നിന്റെ ചിരി കെട്ടല്ലെ ഞാന്‍ ഉറങ്ങിയതും ഉണര്‍ന്നതും ഒക്കെ. പറയുമ്പോള്‍ വിഷമം തോന്നരുത്‌. എനിക്ക് നിന്നെ നാട്ടില്‍ വെച്ച് കാണാനാനിഷ്ടം. ആര്‍ത്തു മഥിച്ചു പൊട്ടിച്ചിരിച്ചു കൊണ്ടല്ലേ നീ കരയിലെത്തുന്നത്. നിന്റെ ഓരോ തിരയും മനസ്സില്‍ കത്തിക്കുന്നത് ഒരു പൂത്തിരിയാണ്. അത് കെടുമ്പോളേക്കും അടുത്ത തിര. ഇവിടെ എന്താ നീയിങ്ങനെ? ഞങ്ങളുടെയൊക്കെ സങ്കടങ്ങള്‍ ഏറ്റുവാങ്ങി നിന്റെ സന്തോഷങ്ങളും കെട്ടുപോയൊ? തിരയില്ലാതെ, നീയിങ്ങനെ വിങ്ങിപ്പൊട്ടുമ്പോള്‍ ഘനീഭവിക്കുന്നത് ഞങ്ങളുടെയൊക്കെ ആശങ്കകളാണ്.

അയ്യോ, ഞാനാ ഫോട്ടോയെടുക്കാന്‍ മറന്നു. എന്‍റെ പെണ്ണിന്‍റെ ഫോട്ടോ. കാണാന്‍ സുന്ദരി തന്നെയാ. എന്നാല്‍ അതിസുന്ദരിയാണോന്നു ചോദിച്ചാല്‍ അല്ല. നുണക്കുഴികളുണ്ട്. ഗോതമ്പുനിറമാണ്. ഫോട്ടോയില്‍ കാണാന്‍ പറ്റുന്നില്ല, എന്നാലും കാച്ചെണ്ണ തേക്കുന്ന നല്ല മുടിയുണ്ടാവണം. എനിക്കൊരു പാടു ഇഷ്ടായി കേട്ടോ. എനിക്ക് വേണ്ടി ഈശ്വരന്‍ കരുതി വെച്ചത് തന്നെയാണവളെ.

ഒരു വിഷമമുണ്ട്. ലീവ് തീരുമ്പോള്‍ അവളെ അവിടെയിട്ട് പോരേന്ടി വരുമല്ലോന്നു. ഈയിടെ നാട്ടില്‍ നിന്നും വന്ന വിജയന്‍ പറഞ്ഞിരുന്നു. ഇപ്പൊ നാട്ടില്‍ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടത്രെ. കിഴക്കയിലെ രാജേഷ് ബി എ കഴിഞ്ഞു പോയതാ. ഇപ്പൊ മദിരാശിയില്‍ പതിനന്ചായിരം ഉറുപ്പിക ശമ്പളമുണ്ടാവന്. ചിലപ്പോ ഞാനും ഇനി തിരിച്ചു വരില്ല. കല്യാണവും പുതുക്കവും ഒക്കെ കഴിയുമ്പോള്‍ ഒന്ന് പോണം മദിരാശിക്ക്.

എന്തൊക്കെയോ കാട് പടല് പറയുന്നതിനിടക്ക് ഞാന്‍ അവളുടെ പേര് പറയാന്‍ മറന്നല്ലേ, അനുപമ. ഞാന്‍ അനൂന്നു വിളിക്കും. അല്ലെങ്ങില്‍ അനൂട്ടീന്നോ.. ങ്... എനിക്കിച്ചിരി വട്ടു തുടങ്ങീരിക്കുന്നു. അല്ലാണ്ടെ ആരെങ്കിലും ഇങ്ങനെ വെറുതെ ചിരിക്കുമോ.

എന്ത് തന്നെയായാലും ഉള്ളിലൊരു തപ്പ് കൊട്ടുന്നുണ്ട്. ഈ കല്യാണവും ആദ്യരാത്രിയുമൊക്കെ. ഏതു പ്രത്യേക ദിവസവും കൊളമാക്കുന്ന ഒരു പ്രകൃതമാ എന്‍റെതു. മാനേജരുടെ മകന്‍റെ പിറന്നാളിന് വെപ്രാളം കാരണം ഭക്ഷണ പ്ലേറ്റുമായി അടുത്തിരുന്ന സ്ത്രീയുടെ മേല്‍ വീണത്‌ പോലെ എന്തെങ്കിലുമൊക്കെ ഞാന്‍ ഒപ്പിക്കും. ഒന്ന് രണ്ടു പ്രാവശ്യം, അവര്‍ തന്ന നമ്പറില്‍ അവളെ വിളിക്കാന്‍ ഒരുങ്ങിയതാണ്. ചങ്കിടിപ്പും കൈവിറയലും കൊണ്ട് നമ്പര്‍ ഡയല്‍ ചെയ്യാന്‍ പോലും കഴിഞ്ഞില്ല. എനിക്ക് തോന്നുന്നത് ആദ്യരാത്രി നമ്മള്‍ രണ്ടു പേരും വെപ്രാളം കൊണ്ട് ഒന്നും മിണ്ടാതെ രണ്ടു മൂലയ്ക്ക് കിടന്നുറങ്ങിപ്പോകുമെന്നാണ്. ഓഹ്... ഞാനിതെന്തോക്കെയാ നിന്നോടിങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നെ... അതേയ് എനിക്ക് നാളെ ഓഫീസില്‍ പോകണം. കടലേ, ഈ പറഞ്ഞ കിന്നരമൊക്കെ നീ കേള്‍ക്കുന്നുണ്ടോ... ആര്‍ക്കറിയാം... എന്നാലും നിന്നോട് ഇങ്ങനെയൊക്കെ പറയുമ്പോ ഒരു സുഖാ.... നമുക്കിനി നാളെ കാണാം...

*****************************

കാലുകളില്‍ വാക്സ് ചെയ്യുന്നതിനിടെ കണ്ണാടിയില്‍ നോക്കിയ അനുപമക്ക് അന്നാദ്യമായി അവളുടെ പ്രതിരൂപത്തോട്‌ വെറുപ്പ്‌ തോന്നി. മാര്‍ഗ്ഗതടസ്സം നേരിട്ട ഒരു ചേരയെ പോലെ മനസ്സ് പാരവശ്യത്തോടെ എവിടെയെല്ലാമോ ഇഴയുകയാണ്. ഒരു പാട് ലക്ഷ്യങ്ങളുണ്ടായിരുന്നു ജീവിതത്തിന്‌. പൊടുന്നനെ എല്ലാം ഒരു കുത്തൊഴുക്കില്‍ ഒലിച്ചു പോയത് പോലെ.

എല്ലാം തകിടം മറിച്ചത് ആ ശബരീഷാണ്. അവനു ഞാന്‍ അല്പം സ്വാതത്ര്യം അനുവദിച്ചിരുന്നത് വെറുതെയൊന്നുമല്ല. അവനു സിനിമ ഫീല്ഡുമായുള്ള ബന്ധം അറിഞ്ഞു കൊണ്ട് തന്നെയാണ്. മിസ്‌ കേരളക്ക് ഫോട്ടോ അപ്‌ലോഡ് ചെയ്യാന്‍ അവന്‍റെ കൂടെ ഇന്‍റര്‍നെറ്റ് കഫെയില്‍ പോയതും അത് കൊണ്ട് തന്നെയാണ്. കഷ്ടകാലത്തിനു അമ്മാവന്‍റെ മകന്‍ സുരേഷ് വാതില്‍ തുറന്നു കയറിയത്, ശബരീഷ് എന്നെ തോളിലൂടെ കയ്യിട്ടു കെട്ടിപ്പിടിച്ചിരിക്കുന്ന സമയത്തായിരുന്നു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. തകൃതിയായ കല്യാണാലോചനകള്‍്. വീടുകാരുടെ വിചാരം ഞാനാകെ ചീത്തയായെന്നായിരുന്നു. ശബരീഷിന്റെ കൈകള്‍ക്ക് എത്ര മാത്രം സ്വാതന്ത്ര്യം കൊടുക്കാമെന്നു മറ്റാരെക്കാളും എനിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. മിസ്‌ വേള്‍ഡ് വരെയകാനുള്ള ഈ അനുപമക്ക് ഒരു ടൂള്‍ മാത്രമായിരുന്നു അവന്‍.

ഏതൊരു കണ്ട്രി മല്ലു വീട്ടുകാരെയും പോലെ അവരും ചിന്തിച്ചത്‌ പുന്നാര മോള്‍ കോളേജിലുള്ള ഏതോ ചെക്കനുമായി പ്രേമത്തിലായി പേരുദോഷം കേള്പ്പിക്കുമെന്നായിരുന്നു. അതാണല്ലോ എടുപിടീന്ന് ഒരു ഗള്‍ഫുകാരനെ കണ്ടെത്തി കല്യാണമുറപ്പിച്ചിരിക്കുന്നത്. ചെക്കന് എന്‍റെ ഫോട്ടോ കണ്ടിട്ട് തന്നെ ഇഷ്ടായത്രേ. ചിരിയാണ് വരുന്നത്. ഈ ഗള്‍ഫുകാരൊക്കെ മൊണ്ണന്മരാണു. വല്യ ത്യാഗികളാണെന്നാ ഭാവം. കഷണ്ടിയും കുടവയറുമായി നാട്ടിലെത്തുമ്പോള്‍ പറയും, എല്ലാം കുടുംബത്തിനു വേണ്ടിയായിരുന്നൂന്നു. ജീവിക്കാനറിയാത്ത ഫൂള്‍സ്. ഒരു ഗള്‍ഫുകാരന്റെ ഭാര്യയായി കത്തും ഫോണും കാത്തു ജീവിക്കുന്നതിലും ഭേദം ആത്മഹത്യയാ. ഇയാള്‍ എന്തായാലും ഒരു മണ്ണുണ്ണി തന്നെയാ. ടെക്നോളജി ഇത്രയും ഡവലപ് ചെയ്ത ഒരു കാലത്ത് ഒന്ന് വിളിക്കുകയോ മിണ്ടുകയോ ചെയ്യാതെ, പണ്ട് ബ്യൂട്ടി പേജെന്ടിനു കൊടുക്കാന്‍ മലയാളി മങ്കയായി വേഷം കെട്ടിയെടുത്ത ഫോട്ടോ കണ്ടിട്ട് തന്നെ എന്നെ ഇഷ്ടായത്രേ. അയാള്‍ക്കെന്റെ മനസ്സറിയെണ്ട. ഒരു ഫോട്ടോ കണ്ടിട്ട് അയാള്‍ ജീവിതകാലം മുഴുവന്‍ കൂടെ കഴിയാനുള്ളവളെ തിരഞ്ഞെടുത്തിരിക്കുന്നു. അടുത്ത് കിട്ടിയിരുന്നുവെങ്കില്‍ അയാളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാമായിരുന്നു. വിഡ്ഢി!!

എന്ത് ചെയ്യണമെന്നു ഒരു തീരുമാനത്തിലെത്താന്‍ പാറ്റുന്നില്ല. വീട്ടുകാര്‍ക്ക് എന്‍റെ ആഗ്രഹങ്ങള്‍ മനസ്സിലാവില്ല. ഫാഷന്‍ റാമ്പുകളില്‍ തിളങ്ങി നിന്നിരുന്ന എന്‍റെ സ്വപ്‌നങ്ങള്‍ അങ്ങിനെ പൊട്ടിച്ചിതറാനുള്ളതല്ല. എന്തായാലും ആ ഗള്‍ഫ് കുരങ്ങന് പൂമാലയായി കൊടുക്കാനുള്ളതല്ല എന്‍റെ ജീവിതം. വരട്ടെ, നാളെ ആരും കാണാതെ എങ്ങിനെയെങ്കിലും ശബരീഷിനെ ഒന്ന് വിളിക്കണം...

*******************
വായനക്കാരാ, നിങ്ങളെ പോലെ ഞാനും കണ്ഫ്യൂഷ്യനിലാണ്. ഒരു കഥാകൃത്തെന്ന നിലയില്‍ എനിക്ക് ചില സ്വാതന്ത്ര്യങ്ങള്‍ ഉണ്ട്. വേണമെങ്കില്‍ കഥയില്‍ ഒരു വഴിത്തിരിവുണ്ടാക്കി സങ്ങതി ശുഭപര്യവസാനിയാക്കാം. പക്ഷെ ഒരു ജീവിത കഥ പറയുമ്പോള്‍ അതിനാവില്ലല്ലോ. വായനക്കാരാ, ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ്. നമുക്കൊന്നെ ഇപ്പോള്‍ ചെയ്യാനാവു‌. നമുക്ക് കടല്‍ക്കരയിലേക്ക്‌ പോകാം. എന്നിട്ട് കടലിനു പറയാനുള്ളതിനായി കാതോര്‍ക്കാം. ഒന്നും മിണ്ടാതെയിരിക്കാന്‍ കടലിനാവില്ലല്ലോ...