
“നല്ല മഴ. കറണ്ടു പോയി. ജനലുകള്‍ വലിച്ചടച്ചു തുറക്കുന്നു കാറ്റ്. മുട്ടവിളക്കിലൊഴിക്കാന് എണ്ണയില്ലാത്തതിനു ബെല്ലുപ്പയെ പ്രാകുന്ന ഉമ്മാമ. അടുപ്പില്‍ നിന്നും ഒണക്കീന്റെ മണം. ജനലിലൂടെ നോക്കിയപ്പോള്‍ നനഞ്ഞു കുതിര്‍ന്ന, എന്റെ എടുക്കാന്‍ മറന്നു പോയ കുറെ ഓര്‍മകള്‍....”
ഇതു ഇന്നലെ പഹയന് എനിക്കയച്ച സ്.മ്.സിലെ വാചകങ്ങള്‍. ലേശം വട്ടുണ്ടു. പിന്നെ അത്യാവശ്യം വരയും. എനിക്കറിയാവുന്ന ആബിദ് പ്രീ-ഡിഗ്രീ വരെ സാമാന്യം നല്ലൊരു പൊട്ടനായിരുന്നു. ഒരു വെളിപാടു പോലെയാണു അവന് വര തുടങ്ങിയതു. സങ്ങതി സീരിയസ് ആയപ്പോള്‍ എല്ലാരും കൂടി അവനെ മദ്രാസ് ആര്‍ട്ട് സ്കൂളില്‍ ആക്കി. അവിടുന്നാണവന് കൂടുതല്‍ വഷളായതു. എല്ലാ വട്ടന്മാരെയും പോലെ സമൂഹത്തിലെ തിന്മകള്ക്കെതിരെയൊക്കെ പ്രതികരിക്കാന്‍ തുടങ്ങി. കൂടുതല്‍ സാമൂഹ്യബോധം മൂത്തപ്പോള്‍ വീട്ടുകാരവനെ മനോരമയില്‍ ചേര്‍ത്തു. മനോരമയിലെ ഒരു വര്‍ഷം കൊണ്ടു അവന് ഭേദപ്പെട്ട ഒരു ബൂര്ഷ്വാസിയായിക്കൊണ്ടിരിക്കുകയായിരുന്നു. മനോരമയുടെ ഇന്നത്തെ കോലം മാറ്റത്തില്‍ കക്ഷി നല്ലൊരു പങ്കും വഹിച്ചിട്ടുണ്ടു. മനോരമയ്ക്കായി ഒരുപാടു നല്ല ചിത്രങ്ങളും ‘ശ്രീ’ പതിപ്പിന്റെ കവര്‍ ചിത്രങ്ങളും ചെയ്തിട്ടുണ്ടു. എന്തായാലും മനോരമയ്ക്കു അവനെ കൂടുതല്‍ സഹിക്കെണ്ടി വന്നില്ല. ഇപ്പൊ കക്ഷി തിര്വോന്തരത്തു ഒരു സത്രം നടത്തുന്നു. കൂടെ ഒരു മീഡിയാ കംബനിയില്‍ ക്രിയേറ്റീവ് ഡയരക്റ്റര്, ഡിസീ, പച്ചക്കുതിര, കറന്റ് ബൂക്ക്സ്, എന്നിവയ്ക്കു വേണ്ടി കവര്‍ ഡിസൈന്‍, സിനിമാ കാണല്‍, പ്രേമം (കക്ഷിക്കു വേണ്ടി വീട്ടുകാര്‍ സ്പ്പോണ്‍സര്‍ ചെയ്തത്), ഈയുള്ളവന്റെ ബെസ്റ്റ് ഫ്രെന്റ്, എന്നീ മേഖലകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ടിച്ചു വരുന്നു.