Monday, March 16, 2009

ഒന്നും മിണ്ടാതെ കടല്‍...

ബൂലഹന്‍ : ഒളവിലത്തെ അറിയപ്പെടാത്ത ഒരു കഥാകൃത്താണ്.




കടലേ, ഞാനിന്നു വന്നിരിക്കുന്നത് ഒരു സന്തോഷ വര്‍ത്തമാനവും കൊണ്ടാണ്. ഞാന്‍ പെണ്ണ് കെട്ടാന്‍ പോകുന്നു. നിന്നോടെനിക്ക് നന്ദിയുണ്ട്. ഓഫീസിലെ മടുപ്പിനും മരവിപ്പിനും ശേഷം ഞാന്‍ വരുമ്പോള്‍ നീ ഒരു സാന്ത്വനമായി നിന്ന് തരാരുണ്ടല്ലോ. എന്റെ കിനാക്കളും, പായ്യാരങ്ങളും, കുശുമ്പും കുന്നായ്മകളും എല്ലാം നിനക്കറിയാമല്ലോ. ഒരു പക്ഷെ എന്നെ എന്നെക്കാള്‍ നന്നായി അറിയുന്നത് നിനക്കയിരിക്കും. ഹ! ആലോചിച്ചു നോക്കിയെ, എന്‍റെ ജീവ ചരിത്രമെഴുതാന്‍ ഏറ്റവും യോഗ്യന്‍ നീ തന്നെ!

ആഹ്, നിനക്ക് വിഷമമാവുമോ എന്നറിയില്ല. എങ്കിലും പറയാം. ഞാന്‍ നാട്ടില്‍ പോവുകയാണ്. നീണ്ട നാല് വര്‍ഷത്തെ ഈ ജീവിതത്തിനു ഒരു ചെറിയ ഇടവേള. കല്യാണം അടുത്ത മാസമായിരിക്കും. മുതലാളി നാല് മാസത്തെ ലീവെങ്കിലും തരുമായിരിക്കും. കുറച്ചു പൈസയും കടം ചോദിക്കണം. എന്റെ കയ്യില്‍ എന്താ ഉള്ളതെന്ന് നിനക്കറിയാല്ലോ. എങ്ങിനെ ചുരുക്കിയാലും ഒരു കല്യാണമാവുമ്പോള്‍ ‍ കുറച്ചു കാണാചെലവുകളുണ്ടാവും.

അല്ലെങ്കിലും നീ എന്തിനു വിഷമിക്കണം. നാട്ടിലായാലും ഞാന്‍ കടല്‍ കാണാനാതിരിക്കുന്നൊന്നുമില്ലല്ലോ. നിന്നോടുള്ള എന്‍റെ സൗഹൃദം തുടങ്ങിയത് തന്നെ നാട്ടില്‍ വെച്ചല്ലേ? ആര്‍ത്തലച്ചുള്ള നിന്റെ ചിരി കെട്ടല്ലെ ഞാന്‍ ഉറങ്ങിയതും ഉണര്‍ന്നതും ഒക്കെ. പറയുമ്പോള്‍ വിഷമം തോന്നരുത്‌. എനിക്ക് നിന്നെ നാട്ടില്‍ വെച്ച് കാണാനാനിഷ്ടം. ആര്‍ത്തു മഥിച്ചു പൊട്ടിച്ചിരിച്ചു കൊണ്ടല്ലേ നീ കരയിലെത്തുന്നത്. നിന്റെ ഓരോ തിരയും മനസ്സില്‍ കത്തിക്കുന്നത് ഒരു പൂത്തിരിയാണ്. അത് കെടുമ്പോളേക്കും അടുത്ത തിര. ഇവിടെ എന്താ നീയിങ്ങനെ? ഞങ്ങളുടെയൊക്കെ സങ്കടങ്ങള്‍ ഏറ്റുവാങ്ങി നിന്റെ സന്തോഷങ്ങളും കെട്ടുപോയൊ? തിരയില്ലാതെ, നീയിങ്ങനെ വിങ്ങിപ്പൊട്ടുമ്പോള്‍ ഘനീഭവിക്കുന്നത് ഞങ്ങളുടെയൊക്കെ ആശങ്കകളാണ്.

അയ്യോ, ഞാനാ ഫോട്ടോയെടുക്കാന്‍ മറന്നു. എന്‍റെ പെണ്ണിന്‍റെ ഫോട്ടോ. കാണാന്‍ സുന്ദരി തന്നെയാ. എന്നാല്‍ അതിസുന്ദരിയാണോന്നു ചോദിച്ചാല്‍ അല്ല. നുണക്കുഴികളുണ്ട്. ഗോതമ്പുനിറമാണ്. ഫോട്ടോയില്‍ കാണാന്‍ പറ്റുന്നില്ല, എന്നാലും കാച്ചെണ്ണ തേക്കുന്ന നല്ല മുടിയുണ്ടാവണം. എനിക്കൊരു പാടു ഇഷ്ടായി കേട്ടോ. എനിക്ക് വേണ്ടി ഈശ്വരന്‍ കരുതി വെച്ചത് തന്നെയാണവളെ.

ഒരു വിഷമമുണ്ട്. ലീവ് തീരുമ്പോള്‍ അവളെ അവിടെയിട്ട് പോരേന്ടി വരുമല്ലോന്നു. ഈയിടെ നാട്ടില്‍ നിന്നും വന്ന വിജയന്‍ പറഞ്ഞിരുന്നു. ഇപ്പൊ നാട്ടില്‍ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടത്രെ. കിഴക്കയിലെ രാജേഷ് ബി എ കഴിഞ്ഞു പോയതാ. ഇപ്പൊ മദിരാശിയില്‍ പതിനന്ചായിരം ഉറുപ്പിക ശമ്പളമുണ്ടാവന്. ചിലപ്പോ ഞാനും ഇനി തിരിച്ചു വരില്ല. കല്യാണവും പുതുക്കവും ഒക്കെ കഴിയുമ്പോള്‍ ഒന്ന് പോണം മദിരാശിക്ക്.

എന്തൊക്കെയോ കാട് പടല് പറയുന്നതിനിടക്ക് ഞാന്‍ അവളുടെ പേര് പറയാന്‍ മറന്നല്ലേ, അനുപമ. ഞാന്‍ അനൂന്നു വിളിക്കും. അല്ലെങ്ങില്‍ അനൂട്ടീന്നോ.. ങ്... എനിക്കിച്ചിരി വട്ടു തുടങ്ങീരിക്കുന്നു. അല്ലാണ്ടെ ആരെങ്കിലും ഇങ്ങനെ വെറുതെ ചിരിക്കുമോ.

എന്ത് തന്നെയായാലും ഉള്ളിലൊരു തപ്പ് കൊട്ടുന്നുണ്ട്. ഈ കല്യാണവും ആദ്യരാത്രിയുമൊക്കെ. ഏതു പ്രത്യേക ദിവസവും കൊളമാക്കുന്ന ഒരു പ്രകൃതമാ എന്‍റെതു. മാനേജരുടെ മകന്‍റെ പിറന്നാളിന് വെപ്രാളം കാരണം ഭക്ഷണ പ്ലേറ്റുമായി അടുത്തിരുന്ന സ്ത്രീയുടെ മേല്‍ വീണത്‌ പോലെ എന്തെങ്കിലുമൊക്കെ ഞാന്‍ ഒപ്പിക്കും. ഒന്ന് രണ്ടു പ്രാവശ്യം, അവര്‍ തന്ന നമ്പറില്‍ അവളെ വിളിക്കാന്‍ ഒരുങ്ങിയതാണ്. ചങ്കിടിപ്പും കൈവിറയലും കൊണ്ട് നമ്പര്‍ ഡയല്‍ ചെയ്യാന്‍ പോലും കഴിഞ്ഞില്ല. എനിക്ക് തോന്നുന്നത് ആദ്യരാത്രി നമ്മള്‍ രണ്ടു പേരും വെപ്രാളം കൊണ്ട് ഒന്നും മിണ്ടാതെ രണ്ടു മൂലയ്ക്ക് കിടന്നുറങ്ങിപ്പോകുമെന്നാണ്. ഓഹ്... ഞാനിതെന്തോക്കെയാ നിന്നോടിങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നെ... അതേയ് എനിക്ക് നാളെ ഓഫീസില്‍ പോകണം. കടലേ, ഈ പറഞ്ഞ കിന്നരമൊക്കെ നീ കേള്‍ക്കുന്നുണ്ടോ... ആര്‍ക്കറിയാം... എന്നാലും നിന്നോട് ഇങ്ങനെയൊക്കെ പറയുമ്പോ ഒരു സുഖാ.... നമുക്കിനി നാളെ കാണാം...

*****************************

കാലുകളില്‍ വാക്സ് ചെയ്യുന്നതിനിടെ കണ്ണാടിയില്‍ നോക്കിയ അനുപമക്ക് അന്നാദ്യമായി അവളുടെ പ്രതിരൂപത്തോട്‌ വെറുപ്പ്‌ തോന്നി. മാര്‍ഗ്ഗതടസ്സം നേരിട്ട ഒരു ചേരയെ പോലെ മനസ്സ് പാരവശ്യത്തോടെ എവിടെയെല്ലാമോ ഇഴയുകയാണ്. ഒരു പാട് ലക്ഷ്യങ്ങളുണ്ടായിരുന്നു ജീവിതത്തിന്‌. പൊടുന്നനെ എല്ലാം ഒരു കുത്തൊഴുക്കില്‍ ഒലിച്ചു പോയത് പോലെ.

എല്ലാം തകിടം മറിച്ചത് ആ ശബരീഷാണ്. അവനു ഞാന്‍ അല്പം സ്വാതത്ര്യം അനുവദിച്ചിരുന്നത് വെറുതെയൊന്നുമല്ല. അവനു സിനിമ ഫീല്ഡുമായുള്ള ബന്ധം അറിഞ്ഞു കൊണ്ട് തന്നെയാണ്. മിസ്‌ കേരളക്ക് ഫോട്ടോ അപ്‌ലോഡ് ചെയ്യാന്‍ അവന്‍റെ കൂടെ ഇന്‍റര്‍നെറ്റ് കഫെയില്‍ പോയതും അത് കൊണ്ട് തന്നെയാണ്. കഷ്ടകാലത്തിനു അമ്മാവന്‍റെ മകന്‍ സുരേഷ് വാതില്‍ തുറന്നു കയറിയത്, ശബരീഷ് എന്നെ തോളിലൂടെ കയ്യിട്ടു കെട്ടിപ്പിടിച്ചിരിക്കുന്ന സമയത്തായിരുന്നു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. തകൃതിയായ കല്യാണാലോചനകള്‍്. വീടുകാരുടെ വിചാരം ഞാനാകെ ചീത്തയായെന്നായിരുന്നു. ശബരീഷിന്റെ കൈകള്‍ക്ക് എത്ര മാത്രം സ്വാതന്ത്ര്യം കൊടുക്കാമെന്നു മറ്റാരെക്കാളും എനിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. മിസ്‌ വേള്‍ഡ് വരെയകാനുള്ള ഈ അനുപമക്ക് ഒരു ടൂള്‍ മാത്രമായിരുന്നു അവന്‍.

ഏതൊരു കണ്ട്രി മല്ലു വീട്ടുകാരെയും പോലെ അവരും ചിന്തിച്ചത്‌ പുന്നാര മോള്‍ കോളേജിലുള്ള ഏതോ ചെക്കനുമായി പ്രേമത്തിലായി പേരുദോഷം കേള്പ്പിക്കുമെന്നായിരുന്നു. അതാണല്ലോ എടുപിടീന്ന് ഒരു ഗള്‍ഫുകാരനെ കണ്ടെത്തി കല്യാണമുറപ്പിച്ചിരിക്കുന്നത്. ചെക്കന് എന്‍റെ ഫോട്ടോ കണ്ടിട്ട് തന്നെ ഇഷ്ടായത്രേ. ചിരിയാണ് വരുന്നത്. ഈ ഗള്‍ഫുകാരൊക്കെ മൊണ്ണന്മരാണു. വല്യ ത്യാഗികളാണെന്നാ ഭാവം. കഷണ്ടിയും കുടവയറുമായി നാട്ടിലെത്തുമ്പോള്‍ പറയും, എല്ലാം കുടുംബത്തിനു വേണ്ടിയായിരുന്നൂന്നു. ജീവിക്കാനറിയാത്ത ഫൂള്‍സ്. ഒരു ഗള്‍ഫുകാരന്റെ ഭാര്യയായി കത്തും ഫോണും കാത്തു ജീവിക്കുന്നതിലും ഭേദം ആത്മഹത്യയാ. ഇയാള്‍ എന്തായാലും ഒരു മണ്ണുണ്ണി തന്നെയാ. ടെക്നോളജി ഇത്രയും ഡവലപ് ചെയ്ത ഒരു കാലത്ത് ഒന്ന് വിളിക്കുകയോ മിണ്ടുകയോ ചെയ്യാതെ, പണ്ട് ബ്യൂട്ടി പേജെന്ടിനു കൊടുക്കാന്‍ മലയാളി മങ്കയായി വേഷം കെട്ടിയെടുത്ത ഫോട്ടോ കണ്ടിട്ട് തന്നെ എന്നെ ഇഷ്ടായത്രേ. അയാള്‍ക്കെന്റെ മനസ്സറിയെണ്ട. ഒരു ഫോട്ടോ കണ്ടിട്ട് അയാള്‍ ജീവിതകാലം മുഴുവന്‍ കൂടെ കഴിയാനുള്ളവളെ തിരഞ്ഞെടുത്തിരിക്കുന്നു. അടുത്ത് കിട്ടിയിരുന്നുവെങ്കില്‍ അയാളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാമായിരുന്നു. വിഡ്ഢി!!

എന്ത് ചെയ്യണമെന്നു ഒരു തീരുമാനത്തിലെത്താന്‍ പാറ്റുന്നില്ല. വീട്ടുകാര്‍ക്ക് എന്‍റെ ആഗ്രഹങ്ങള്‍ മനസ്സിലാവില്ല. ഫാഷന്‍ റാമ്പുകളില്‍ തിളങ്ങി നിന്നിരുന്ന എന്‍റെ സ്വപ്‌നങ്ങള്‍ അങ്ങിനെ പൊട്ടിച്ചിതറാനുള്ളതല്ല. എന്തായാലും ആ ഗള്‍ഫ് കുരങ്ങന് പൂമാലയായി കൊടുക്കാനുള്ളതല്ല എന്‍റെ ജീവിതം. വരട്ടെ, നാളെ ആരും കാണാതെ എങ്ങിനെയെങ്കിലും ശബരീഷിനെ ഒന്ന് വിളിക്കണം...

*******************
വായനക്കാരാ, നിങ്ങളെ പോലെ ഞാനും കണ്ഫ്യൂഷ്യനിലാണ്. ഒരു കഥാകൃത്തെന്ന നിലയില്‍ എനിക്ക് ചില സ്വാതന്ത്ര്യങ്ങള്‍ ഉണ്ട്. വേണമെങ്കില്‍ കഥയില്‍ ഒരു വഴിത്തിരിവുണ്ടാക്കി സങ്ങതി ശുഭപര്യവസാനിയാക്കാം. പക്ഷെ ഒരു ജീവിത കഥ പറയുമ്പോള്‍ അതിനാവില്ലല്ലോ. വായനക്കാരാ, ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ്. നമുക്കൊന്നെ ഇപ്പോള്‍ ചെയ്യാനാവു‌. നമുക്ക് കടല്‍ക്കരയിലേക്ക്‌ പോകാം. എന്നിട്ട് കടലിനു പറയാനുള്ളതിനായി കാതോര്‍ക്കാം. ഒന്നും മിണ്ടാതെയിരിക്കാന്‍ കടലിനാവില്ലല്ലോ...

Tuesday, June 27, 2006

കഥാപാത്രം നമ്പര്‍ ടു: അമ്മായി അനന്തന്‍!


“ഒളവിലത്തിന്റെ ഇരുള്‍ മൂടിയ ഇടവഴികളിലെവിടെയൊ നിന്നും ഒരു കച്ചറച്ചെക്കന്‍ നീട്ടിവിളിച്ചു. “അമ്മായീഈഈ“. ശബ്ദം കേട്ട ഭാഗത്തേക്കു തല തിരിച്ചു അമ്മായി അനന്തന്‍ അലറി. “നായിന്റെ മോന്റെ മോന്റെ മോനെ.... നിന്റെ ഏതു കാരണോറെയാടാ ഞാന്‍ കെട്ടിയെ....”
ഇതു ടി കഥാപാത്രത്തെ കഥാനായകനാക്കി ഞാന്‍ എഴുതാന്‍ ബാക്കി വെച്ച നോവലിന്റെ ആദ്യ ഖണ്ഡിക. വായില്‍ എപ്പോഴും തുമ്മാന്‍ (വെറ്റില മുറുക്കു) ആയിരിക്കും. അതില്ലാത്ത നേരങ്ങളില്‍ പച്ചത്തെറിയോ പരദൂഷണമോ കൊണ്ടു അഡ്ജസ്റ്റു ചെയ്യും. പച്ചത്തെറിയെന്നു പറഞ്ഞാല്‍ കേട്ടാല്‍ ചെവി കഴുകേണ്ടുന്ന സൈസു സാധനം. അങ്ങേര്‍ക്കൊരു കൂട്ടുകാരനുണ്ടു. കിട്ടന്‍. രണ്ടും കൂടി കണ്ടംകൊത്തുംബോള്‍ അടുത്തു നില്‍ക്കാന്‍ നല്ല രസമാണു. സ്ത്രീപുരുഷ ശരീരങ്ങളിലെ രഹസ്യഭാഗങ്ങളുടെ പര്യായ പദങ്ങള്‍ കൊണ്ട് ഒരു മണിപ്രവാളം തന്നെയാവും അവിടെ അപ്പോള്‍. ഉപമയും അലങ്കാരങ്ങളും വ്യങ്ങ്യാര്‍ഥങ്ങളും കൊണ്ട് ഒരു തെറിസദ്യ. അനന്തന്‍ പണി ചെയ്യുന്ന കണ്ടം “അഡല്‍‘സ് ഓണ്‍ലി”യായി പ്രഖ്യാപിച്ചാണു ബെല്ലുപ്പാപ്പ ഞങ്ങള്‍ക്കീ സദ്യ നിഷേധിച്ചിരുന്നതു.
ഒളവിലത്തെത്തുന്ന ആര്‍ക്കും അദ്ദേഹത്തെ തിരിച്ചറിയാം. കയ്യില്ലാത്ത മെറൂണ്‍, വയലറ്റ്, പച്ച, നീല എന്നീ കളറുകലിലുള്ള ബനിയനും, മുട്ടിനു അല്പം താഴെ മാത്രം ഇറക്കമുള്ള തോര്‍ത്തു മുണ്ടും ഭൂപടങ്ങളുടെ അടയാളമുള്ള കഷണ്ടിത്തലയും ആയാല്‍ അനന്തനായി. ഫോട്ടോയില്‍ കാണുന്ന വെള്ള മുണ്ടും സ്ലാക്ക് ഷര്‍ട്ടും ബസില്‍ കയറുംബോളും കല്യാണങ്ങളില്‍ പങ്കെടുക്കുമ്പോളും മാത്രം ധരിക്കുന്നതാണു.
മസില്‍ബലവും പൌരുഷത്തിന്റെ ശരീരരൂപവുമുള്ള ആജാനബാഹുവായ ഇങ്ങേരെ എന്താണു എല്ലാരും അമ്മായി എന്നു വിളിക്കുന്നതെന്നു ഞാനും ചിന്തിച്ചിട്ടുണ്ട്. ഒരു കാരണം സംസാരരീതിയാവണം. പെണ്ണൂങ്ങളെപ്പോലെ കുശുംബും കുന്നായ്മകളും പ്രചരിപ്പിക്കുന്നതിലാണു കക്ഷിക്കു താല്പര്യം. അനന്തന്‍ ഒളവിലത്തിന്റെ സ്വന്തം വിവരവിനിമയോപാധിയാ‍ണു. അതിനുപയോഗിക്കുന്ന സമയം ടിയാന്റെ സൈഡു ബിസിനസ്സായ കറവയുടെ ഇടയിലാണ്. പാല് ‍കറക്കുമ്പോള്‍ കൂട്ടിരിക്കുന്ന ‘ഉമ്മറ്റ്യാറി’ ല്‍ (അനന്തന്റെ ഭാഷയില്‍ മാപ്പിളസ്ത്രീ) നിന്നും പാലിനൊപ്പം ആ വീട്ടിലെ സകല രഹസ്യങ്ങളും ആള്‍ ചുരത്തിയെടുക്കും. മറ്റുള്ള വീടുകളില്‍ നിന്നും കിട്ടിയതു നല്ല പാല്‍പ്പത പോലെ നുരപ്പിച്ചു അവിടെ വിതരണം ചെയ്യുകയും ചെയ്യും. അനന്തന്റെ ‘സ്റ്റോറി ടെല്ലിങ്’ കേള്‍ക്കാന്‍ നല്ല രസമാ‍ണ്. മിമിക്രിയും, നാടകവും, ശരീര ഭാഷയും കൂടിക്കലര്‍ത്തി അനന്തന്‍ തന്നെ വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക കലയാണത്. മേമ്പൊടിക്കു വെണ്ടുവോളം മസാലയുമുണ്ടാവും.
എന്തു തന്നെ പറഞ്ഞാ‍ലും ഒളവിലത്തെ പെണ്ണുങ്ങക്കൊക്കെ അനന്തനെ ഇഷ്റ്റമാണ്... അങ്ങേരുടെ ഭാര്യക്കൊഴിച്ച്... സഖാവു അച്ചുമാമയെപ്പോലെ അറിയപ്പെടുന്ന ഒരു വികസന വിരോധിയാണദ്ദേഹം. മകന്‍ ഇലക്ട്ട്രീഷ്യനായപ്പോള്‍ സ്വന്തം വീടു ഇലക്ട്ട്രിഫൈ ചെയ്യാന്‍ ശ്രമിച്ചതിനു ഒരാഴ്ച വീട്ടിക്കേറ്റാത്ത മഹാനാണദ്ദേഹം.
സങ്ങതി ഇതൊക്കെയാണെങ്കിലും ഒളവിലത്തിനു അനന്തനെ വേണം. വറ്റാത്ത ഗ്രാമീണതയുടെ ജീവിക്കുന്ന പ്രതീകമാണയാള്‍. അനന്തന്‍ ഒളവിലത്തിന്റെ ഓരൊ പ്രഭാതങ്ങള്‍ക്കുമായി കരുതിവെക്കുന്ന കഥകളില്‍ ഒരു പ്രദേശത്തിന്റെ മുഴുവന്‍ ഉള്‍ത്തുടിപ്പുമുണ്ട്. ഒരു ചരിത്ര പുസ്തകത്തിലെന്ന പോലെ......

Saturday, June 24, 2006

ആബിദിന്റെ ചില കവര്‍ ഡിസൈനുകള്‍



ഈ കവറില്‍ ആബിദിന്റെ കാല്‍ തന്നെയാണു. അവനവന് ആഹാരം കണ്ടെത്താനുള്ള വഴികള്‍....

http://www.weblokam.com/culture/nirakutte/0603/26/1060326011_1.htm

ആബിദിനെ പച്ചയ്ക്കു ബിംബമാക്കുന്നതെങ്ങിനെയെന്നു കാ‍ണാന്‍ മുകളിലത്തെ ലിങ്ക് തുറക്കുക.

കഥാപാത്രം നംബര്‍ വണ്‍: ബന്‍ഡല്‍ ആബിദ്



“നല്ല മഴ. കറണ്ടു പോയി. ജനലുകള്‍ വലിച്ചടച്ചു തുറക്കുന്നു കാറ്റ്. മുട്ടവിളക്കിലൊഴിക്കാന്‍ എണ്ണയില്ലാത്തതിനു ബെല്ലുപ്പയെ പ്രാകുന്ന ഉമ്മാമ. അടുപ്പില്‍ നിന്നും ഒണക്കീന്റെ മണം. ജനലിലൂടെ നോക്കിയപ്പോള്‍ നനഞ്ഞു കുതിര്‍ന്ന, എന്റെ എടുക്കാന്‍ മറന്നു പോയ കുറെ ഓര്‍മകള്‍....”

ഇതു ഇന്നലെ പഹയന്‍ എനിക്കയച്ച സ്.മ്.സിലെ വാചകങ്ങള്‍. ലേശം വട്ടുണ്ടു. പിന്നെ അത്യാവശ്യം വരയും. എനിക്കറിയാവുന്ന ആബിദ് പ്രീ-ഡിഗ്രീ വരെ സാമാന്യം നല്ലൊരു പൊട്ടനായിരുന്നു. ഒരു വെളിപാടു പോലെയാണു അവന്‍ വര തുടങ്ങിയതു. സങ്ങതി സീരിയസ് ആയപ്പോള്‍ എല്ലാരും കൂടി അവനെ മദ്രാസ് ആര്‍ട്ട് സ്കൂളില്‍ ആക്കി. അവിടുന്നാണവന്‍ കൂടുതല്‍ വഷളായതു. എല്ലാ വട്ടന്മാരെയും പോലെ സമൂഹത്തിലെ തിന്മകള്‍ക്കെതിരെയൊക്കെ പ്രതികരിക്കാന്‍ തുടങ്ങി. കൂടുതല്‍ സാമൂഹ്യബോധം മൂത്തപ്പോള്‍ വീട്ടുകാരവനെ മനോരമയില്‍ ചേര്‍ത്തു. മനോരമയിലെ ഒരു വര്‍ഷം കൊണ്ടു അവന്‍ ഭേദപ്പെട്ട ഒരു ബൂര്‍ഷ്വാസിയായിക്കൊണ്ടിരിക്കുകയായിരുന്നു. മനോരമയുടെ ഇന്നത്തെ കോലം മാറ്റത്തില്‍ കക്ഷി നല്ലൊരു പങ്കും വഹിച്ചിട്ടുണ്ടു. മനോരമയ്ക്കായി ഒരുപാടു നല്ല ചിത്രങ്ങളും ‘ശ്രീ’ പതിപ്പിന്റെ കവര്‍ ചിത്രങ്ങളും ചെയ്തിട്ടുണ്ടു. എന്തായാലും മനോരമയ്ക്കു അവനെ കൂടുതല്‍ സഹിക്കെണ്ടി വന്നില്ല. ഇപ്പൊ കക്ഷി തിര്വോന്തരത്തു ഒരു സത്രം നടത്തുന്നു. കൂടെ ഒരു മീഡിയാ കംബനിയില്‍ ക്രിയേറ്റീവ് ഡയരക്റ്റര്‍, ഡിസീ, പച്ചക്കുതിര, കറന്റ് ബൂക്ക്സ്, എന്നിവയ്ക്കു വേണ്ടി കവര്‍ ഡിസൈന്‍, സിനിമാ കാണല്‍, പ്രേമം (കക്ഷിക്കു വേണ്ടി വീട്ടുകാര്‍ സ്പ്പോണ്‍സര്‍ ചെയ്തത്), ഈയുള്ളവന്റെ ബെസ്റ്റ് ഫ്രെന്റ്, എന്നീ മേഖലകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ടിച്ചു വരുന്നു.

Wednesday, June 21, 2006

എന്റെ ഒളവിലത്തെക്കുറിച്ചു.....


ഇതു എനിക്കു നാടിനെക്കാളുപരി ഒരു പാ‍ട് സ്വപ്നങ്ങളുടെ അത്താണിയാണു. ആത്മാവിലേക്കു കുളിര്‍ക്കാറ്റു വീശുന്ന ഒരനുഭൂതിയാണു. ഓര്‍മകളിലെ ഒളവിലത്തിനു എന്നും പുലരിയുടെ നിറവും ശബ്ദവുമുണ്ടു. മയ്യഴിപ്പുഴയിലെ അസംഖ്യം മത്സ്യങ്ങള്‍ ഉതിര്‍ത്തിടുന്ന ചുടുനിശ്വാസങ്ങളുടെ ചൂടുണ്ടതിനു. വയലേലകള്‍ തഴുകി വരുന്ന പടിഞ്ഞാറന്‍ കാറ്റിനു മയ്യഴിയുടെ മട്ത്തു പിടിപ്പിക്കുന്ന മദ്യഗന്‍ധമുണ്ടതിനു. എന്റെ ഒരോ പ്രഭാതങ്ങളും മിഴിതുറക്കുന്നതു എന്റെ ഒളവിലത്തിന്റെ ഭൂവിടങ്ങളിലെക്കാണു. പ്രവാസത്തിന്റെ മരവിപ്പുകള്‍ക്കിടയിലും ജീവിതത്തിന്റെ പുല്‍ത്തുരുന്‍പ് നീട്ടുന്നതു ഓര്‍മകളുടെ ഒളവിലവസന്തങ്ങളാണു.
ഏതൊരു നാടിനെയും പോലെ ഒളവിലത്തിനും അതിന്റെതായ കുറെ കഥാപാത്രങ്ങളുണ്ടു. ചിപ്പി നാണു, അമ്മായി അനന്തന്‍, ബുദ്ദ് മറീത്ത, ഹലൊസുഗമ, എട്ടുനാണു, വത്സല, ചട്ടേന്‍ ബാലക്രിഷ്ണന്‍, സൂചിമുക്കി, കോയിക്കദീശു, അങ്ങിനെ ഒരു പാടു പേര്‍. കാലത്തിനു മായ്ക്കാനാവാത്ത ചരിത്രമുദ്രകള്‍ ഒളവിലത്തിനു സമ്മാനിച്ചവരാണവര്‍. അവര്‍ ദേശത്തിനു നല്‍കിയ ചരിത്ര സംഭാവനകളെക്കുറിച്ചു ഞാന്‍ പിന്നീടു എഴുതാം.
ദെ, നിങ്ങളെ ഓരോരുത്തരെയും ഞാ‍ന്‍ എന്റെ സ്വപ്നഗ്രാമത്തിലേക്കു ക്ഷണിച്ചിരിക്കുന്നു. മാഹിപ്പാലം ഇറങ്ങീ ആരോടു ചോദിച്ചാലും പറഞ്ഞു തരും. വരൂ... മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ ഒരു യാത്രയാ‍വാം.